2015 നാഷണൽ ഗെയിംസിൽ തായ്‌ക്വൊണ്ടോയിൽ 62-68 
ഗോൾഡ് മെഡൽ നേടിയ മലയാളി കായിക താരം രേഷ്മ. വി യുമായി നടത്തിയ അഭിമുഖം

2015 നാഷണൽ ഗെയിംസിൽ തായ്‌ക്വൊണ്ടോയിൽ 62-68 ഗോൾഡ് മെഡൽ നേടിയ മലയാളി കായിക താരം രേഷ്മ. വി യുമായി നടത്തിയ അഭിമുഖം

sports entertainment athletics national games taekwondo reshma gold medal mizoram kanol martial arts defense kick guard karate sensor coach training practise sports authority india l n c p e

2015 നാഷണൽ ഗെയിംസിൽ തായ്‌ക്വൊണ്ടോയിൽ 62-68 Kg വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ മലയാളി കായിക താരം രേഷ്മ. വി യുമായി നടത്തിയ അഭിമുഖം


2015 നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ രേഷ്മ.വി (മധ്യത്തിൽ)  

1.കേരളത്തിൽ അധികമാരും തിരഞ്ഞെടുക്കാത്ത തായ്‌ക്വൊണ്ടോ എന്ന   സ്പോർട്സ് ഇനത്തിൽ താല്പര്യമുണ്ടാകാനുള്ള കാരണം?

ഇതൊരു ആയോധനകല ആയതുകൊണ്ടാണ് ഞാനിത് തിരഞ്ഞെടുക്കാൻ കാരണം. ആത്മരക്ഷയ്ക്കായും നമുക്ക് ഇതിനെ ഉപയോഗിക്കാം. അങ്ങനെ  പഠിച്ചു തുടങ്ങിയപ്പോൾ എനിക്ക് കൂടുതൽ താല്പര്യം ഉണ്ടാവുകയും പിന്നീട് പ്രൊഫഷണലായി അല്ലെങ്കിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലേക്ക് ട്രെയിനിങ്ങിൽ ഏർപ്പെടുകയും, തിരുവനന്തപുരം സായ്-ൽ (Sports Authority of India) സെലക്ഷൻ ട്രയൽസിൽ പങ്കെടുത്ത് സെലക്ഷൻ ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇതിലേക്ക് വരുന്നത്.  മാത്രമല്ല ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ ഇതൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

2.എത്ര വർഷമായി പ്രാക്ടീസ് ചെയ്യുന്നു?

      14 വർഷം

3.നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് മുമ്പായി മെഡൽ പ്രതീക്ഷ ഉണ്ടായിരുന്നോ?

നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് കുറച്ച് വെല്ലുവിളികൾ ഉണ്ടായിരുന്നു. കാരണം മത്സരത്തിനു മുന്നോടിയായി എനിക്കൊരു അപകടം പറ്റുകയും അപകടത്തിൽ കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. അങ്ങനെ ഒരു സർജറി ചെയ്യേണ്ടിവന്നു.  അതിന്റെ ഭാഗമായി എൻറെ ശരീരഭാരം കൂടിയിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ മുൻപ് മത്സരിച്ചു കൊണ്ടിരുന്ന വെയിറ്റ് കാറ്റഗറിയിൽ എനിക്ക് മത്സരിക്കാൻ ആയില്ല അങ്ങനെ ഞാൻ അണ്ടർ 67 Kg കാറ്റഗറിയിലാണ് മത്സരിച്ചത്. എന്നാൽ നാഷണൽ ഗെയിംസിൽ   മെഡൽ നേടിയിട്ടുള്ള ഒരു കായികതാരം എനിക്ക് മതിയായ വെയിറ്റ് ഇല്ല എന്ന് പറഞ്ഞ് എനിക്കെതിരെ കേസ് കൊടുക്കുകയുണ്ടായി. അങ്ങനെ നാഷണൽ ഗെയിംസിൽ നിന്ന് എന്നെ പുറത്താക്കി. പിന്നീട് ഇതിനെതിരെ  ഞാൻ കേസ് ഫയൽ ചെയ്തു, അങ്ങനെ  നാലുദിവസം മുന്നേ  പ്രത്യേകം സെലക്ഷൻ നടത്തിയാണ് എനിക്ക് പ്രവേശനം ലഭിച്ചത്. ഈ പ്രശ്നങ്ങളൊക്കെ കൊണ്ട് തന്നെ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും മെഡൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

4.നാഷണൽ ഗെയിംസിൽ തായ്‌ക്വൊണ്ടോയിൽ ഗോൾഡ് മെഡൽ ലഭിച്ചപ്പോൾ ഉണ്ടായ അനുഭവം?

ഒരുപാട് വെല്ലുവിളികളെ നേരിട്ട് കൊണ്ടാണ് മത്സരത്തിന് എത്തിയത് എന്നുള്ളത് കൊണ്ട് തന്നെ ഈ ഗോൾഡ് മെഡലിന് ഇരട്ടിമധുരം ആയിരുന്നു. ഈ വെല്ലുവിളികളെ എല്ലാം നേരിടാനായി എന്നോടൊപ്പം എന്റെ കുടുംബവും എന്റെ  കോച്ചുമാണ് ഒപ്പം ഉണ്ടായിരുന്നത്. അവർക്കും ഈ നേട്ടം വലിയതോതിൽ സന്തോഷം ഉണ്ടാക്കി. മാത്രമല്ല എന്റെ അത്രയും നാളത്തെ  കഠിനാധ്വാനത്തിന് ഫലം ഉണ്ടായി എന്നുള്ളതും ഏറെ സന്തോഷത്തിനുള്ള കാരണമാണ്.

5.നാഷണൽ ഗെയിംസിലെ ഏറ്റവും കരുത്തുറ്റ എതിരാളി ആരായിരുന്നു? അയാളെ എങ്ങനെയാണ് നേരിട്ടത്?

ഞാൻ പറഞ്ഞല്ലോ സർജറി കാരണം ശരീരഭാരം കൂടിയത് കൊണ്ട് തന്നെ അണ്ടർ 57 ൽ കളിച്ചുകൊണ്ടിരുന്നത് ഞാൻ അണ്ടർ 67 ലേക്ക് മാറി.  ഞാൻ അതുവരെ നേരിട്ടവരെക്കാൾ ശരീരഭാരവും ഉയരവും ഉള്ളതുകൊണ്ട് തന്നെ അവരോട് മത്സരിക്കുക അല്പം ബുദ്ധിമുട്ടായിരുന്നു. എന്നെ നേരിടാൻ ഉണ്ടായിരുന്നത്  മുൻപ് വേൾഡ് ചാമ്പ്യൻഷിപ്പ് വരെ കളിച്ചിട്ടുള്ള മിസോറാമിൽ നിന്നുളള ലാൽറംപുയ് ഫനായ് ആയിരുന്നു. എന്നെക്കാൾ കഴിവും നൈപുണ്യവും പ്രവർത്തിപരിചയവുമുള്ള അവരെ നേരിടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ശ്രമകരമായ ഒരു കാര്യമായിരുന്നു.

6.നാഷണൽ ഗെയിംസിന് മുന്നോടിയായുള്ള പരിശീലനം എങ്ങനെയായിരുന്നു?

ഞങ്ങൾക്ക് മൂന്ന് ഘട്ടം ആയിട്ടായിരുന്നു പരിശീലനം ലഭിച്ചിരുന്നത്. ആദ്യം ജി.വി.രാജയിൽ വച്ച് ഒരു  ട്രെയിനിങ് സെഷൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് രണ്ടാമത്തെ ഘട്ടം എൽ.എൻ.സി.പി.ഇ-യിൽ വച്ച് നടത്തിയിരുന്നു, മൂന്നാമത് കോവളത്ത് വെച്ചായിരുന്നു. അത് കഴിഞ്ഞ് വെള്ളായണി കാർഷിക കോളേജിൽ വച്ചായിരുന്നു നമ്മുടെ മത്സരം നടന്നത്. ഒരു ദിവസം മൂന്ന് നേരം ആണ് പരിശീലനം ഉണ്ടായിരുന്നത്. അത് രാവിലെ 6 മുതൽ 8, 10 മുതൽ 12, വൈകിട്ട് 4 മുതൽ 6 എന്നീ സമയങ്ങളിൽ ആയിരുന്നു. മൂന്ന് നാല് മാസത്തേക്ക് വളരെ കഠിനമായ പരിശീലനം ആയിരുന്നു.

7.ഈ വിജയത്തിൽ താങ്കളുടെ കോച്ചിന്റെ പങ്ക് എന്തായിരുന്നു?

മണിപ്പൂർ സ്വദേശിനിയായ കാനോൻ ബാലാദേവിയും അവരുടെ ഭർത്താവായ മലയാളി കൂടിയായ ബി.ബാലഗോപാലും ആണ് എന്നെ പരിശീലിപ്പിച്ചത്. എനിക്കെതിരെ കേസ് വന്ന് ഞാൻ നാഷണൽ ഗെയിംസിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ എന്നെ അവർ അവരുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി എനിക്ക് വേണ്ട മാനസിക പിന്തുണയും, കൃത്യമായ പരിശീലനവും നൽകി. മറുപടി കേസ് ഫയൽ ചെയ്യാൻ എനിക്ക് ധൈര്യം തന്നതും എന്നോടൊപ്പം നിന്നതും അവരായിരുന്നു. എന്റെ കഠിനാധ്വാനത്തിനൊപ്പം തന്നെ എന്റെ രണ്ടു കോച്ചുമാരുടെയും പിൻബലവും ആത്മാർത്ഥമായ പരിശ്രമവും ഈ വിജയത്തിന്റെ പിന്നിലുണ്ട്.

8.നാഷണൽ ഗെയിംസിൽ ഗോൾഡ് മെഡൽ ലഭിച്ചത് കൊണ്ട് ജീവിതത്തിൽ ഉണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണ്?

നാഷണൽ ഗെയിംസിൽ ഗോൾഡ് മെഡൽ ലഭിച്ചതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് ഒരു സർക്കാർ ജോലി കിട്ടി എന്നുള്ളതാണ്. ഞാൻ ഇപ്പൊ തിരുവനന്തപുരം കളക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുകയാണ്. അതോടൊപ്പം തന്നെ 5 ലക്ഷം രൂപ ക്യാഷ് അവാർഡും എനിക്ക് ലഭിച്ചു. കേസ് ഒക്കെ നടത്തി അന്ന് സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയിൽ നിന്നിരുന്ന ഒരു സമയം ആയതുകൊണ്ട് തന്നെ അതൊരു വലിയ ആശ്വാസമായിരുന്നു.

9.നാഷണൽ ഗെയിംസിൽ പങ്കെടുത്തപ്പോൾ ഉണ്ടായ മറക്കാനാവാത്ത ഏതെങ്കിലും അനുഭവം?

മറക്കാൻ പറ്റാത്ത അനുഭവം എന്ന് പറയാനാണെങ്കിൽ, എനിക്കെതിരെ കേസ് നൽകിയത് കാരണം എന്നെ മത്സരത്തിൽ നിന്നും പുറത്താക്കിയ ദിവസം ഞാൻ വളരെയധികം വിഷമിച്ചു. മാനസികമായി ഒരുപാട് സങ്കടപ്പെടുകയും, മുന്നോട്ട്  ഒരു ജീവിതം തന്നെ വേണ്ടെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തിൽ വളരെയധികം മാനസിക സംഘർഷം അനുഭവിച്ച ഒരു സമയമായിരുന്നു അത്. പിന്നെ ഒരു വിഷമഘട്ടം വരുമ്പോൾ ആരൊക്കെ നമ്മുടെ ഒപ്പം നിൽക്കും എന്നുള്ളത് എനിക്ക് അന്ന് തിരിച്ചറിയാൻ പറ്റി. എന്റെ കുടുംബം, പ്രത്യേകിച്ച് സഹോദരീഭർത്താവ്, പരിശീലകർ എന്നിവർ എനിക്ക് താങ്ങായി കൂടെയുണ്ടായിരുന്നു. തീർച്ചയായും അത് മറക്കാൻ പറ്റാത്ത ഒന്നാണ്.

10.മത്സരത്തിൽ പങ്കെടുക്കുന്നതിനായി മാനസികവും ശാരീരികവുമായി എങ്ങനെയാണ് തയ്യാറെടുക്കുന്നത്?

ദിവസവും മൂന്നുനേരം അതികഠിനമായ പരിശീലനം ഉണ്ടായിരുന്നു. പക്ഷേ കാൽമുട്ടിന് സർജറി കഴിഞ്ഞിരുന്നതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടുകൂടിയാണ് പരിശീലനത്തിന് പോയിരുന്നത്.  മാനസികമായിട്ടാണെങ്കിൽ എനിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- എങ്ങനെയും എനിക്ക് നാഷണൽ ഗെയിംസിൽ പങ്കെടുത്തേ പറ്റൂ എന്നൊരു വാശി ഉണ്ടായിരുന്നു.  അതിനാൽ തന്നെ ആ ലക്ഷ്യത്തിലേക്ക് എത്താനായി ഞാൻ നന്നായി പരിശ്രമിച്ചു.

11.മറ്റ് മാർഷ്യൽ ആർട്സ് ഇനങ്ങളിൽ നിന്നും തായ്‌ക്വൊണ്ടോയെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നാണ് താങ്കളുടെ അഭിപ്രായം?

പ്രധാനമായും ഏറെ അച്ചടക്കം ആവശ്യമുള്ള ഒരു കായികഇനമാണ് തായ്‌ക്വൊണ്ടോ. കരാട്ടെ പോലുള്ള മറ്റ് ആയോധനകലകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത് എങ്ങനെ എന്ന് വെച്ചാൽ തായ്‌ക്വൊണ്ടോയിൽ എതിരാളിയുടെ നെഞ്ചിന് മുകളിലേക്ക് മാത്രമേ നമുക്ക് കിക്ക് ചെയ്യാൻ പാടുള്ളൂ എന്നാൽ കരാട്ടെയിൽ നമുക്ക് മുട്ടിന് താഴേക്കും കിക്ക് ചെയ്യാവുന്നതാണ്. തായ്‌ക്വൊണ്ടോയിൽ നമ്മുടെ സുരക്ഷയ്ക്കായി കാലിൽ ഷിൻ ഗാർഡ്, കൈയ്യിൽ ആംഗാർഡ്, തലയിൽ ഹെഡ് ഗിയർ, ചെസ്റ്റ്ഗാർഡ് എന്നിവ ഉപയോഗിക്കും. ഇപ്പോൾ പുതിയതായി ഇലക്ട്രോണിക് ചെസ്റ്റ്ഗാർഡും സെൻസർ സോക്സും ഉപയോഗിക്കുന്നുണ്ട്. അതിന്റെ പ്രവർത്തനരീതി എങ്ങനെയെന്നാൽ എതിരാളിയും നമ്മളും ഇവ ധരിച്ചിട്ടുണ്ടാകും സെൻസർ സോക്സിന്റെ സെൻസർ വഴി കിക്കിന്റെ മൂവ്മെന്റും, സ്പർശനവും ട്രാക്ക് ചെയ്തു അതുവഴി പോയിന്റ് നിർണ്ണയിക്കാൻ സാധിക്കും. ഇതിലൂടെ സത്യസന്ധമായും പിഴവ് കൂടാതെയും മത്സരം നടത്തുവാൻ കഴിയും.

12. തായ്‌ക്വൊണ്ടോയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്?

തീർച്ചയായും  ഇനിയും കൂടുതൽ ആൾക്കാർ തായ്‌ക്വൊണ്ടോയിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ  ആഗ്രഹം. കാരണം ഇത് നമുക്ക് ആത്മരക്ഷാർത്ഥം ഉപയോഗിക്കാൻ മാത്രമല്ല മറിച്ച് നമ്മളെ  മാനസികമായും ശാരീരികമായും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു കല കൂടിയാണ്.  ഒരാളെ അടിച്ചു വീഴ്ത്താം എന്നുള്ളതല്ല, നമ്മളെ കാണുമ്പോൾ തന്നെ നമ്മുടെ ശക്തി എന്താണ് എന്ന് എതിരെ നിൽക്കുന്നവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ ഈ ആയോധനകലയിലൂടെ ആർജ്ജിക്കുന്ന മനോധൈര്യം വഴി സാധിക്കും. പിന്നെ  ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ ഇത്  പഠിച്ചിരിക്കുന്നത് വളരെയധികം നല്ലതാണെന്ന് തോന്നുന്നു. ഒരു പരിധി വരെ അവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനായി ആത്മരക്ഷാർത്ഥം  ഇതിനെ ഉപയോഗിക്കാം.

13. തായ്‌ക്വൊണ്ടോയിലെ താങ്കളുടെ ഭാവി ലക്ഷ്യങ്ങൾ എന്താണ് അവയിലേക്ക് എത്താനുള്ള മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ്?

എന്റെ ഇപ്പോഴത്തെ ലക്ഷ്യം 2023 സെപ്റ്റംബറിൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടണം എന്നാണ്. പിന്നെ മെയ് മാസത്തിൽ ഒരു വേൾഡ് ചാമ്പ്യൻഷിപ്പും, ഒക്ടോബറിൽ നാഷണൽ ഗെയിംസും വരുന്നുണ്ട്. അങ്ങനെ മൂന്ന് ചാമ്പ്യൻഷിപ്പ് ആണ് ഈ വർഷം വരുന്നത്. അതിൽ എല്ലാം പങ്കെടുത്ത് മെഡൽ നേടണം എന്നുള്ളതാണ് അടുത്ത ലക്ഷ്യം. അതിനായാണ് ഞാനിപ്പോ മാനസികമായും ശാരീരികമായും തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

 

 

 

 

 

 

 



 


2015 നാഷണൽ ഗെയിംസിൽ തായ്‌ക്വൊണ്ടോയിൽ 62-68 Kg വിഭാഗത്തിലെ മെഡൽ പട്ടിക

https://www.facebook.com/ardra.l.71

Leave a Reply