കൊച്ചിയെന്ന തിരക്കുപിടിച്ച നഗരത്തിന്റെ തിരക്കിൽ നിന്ന് ഗ്രാമത്തിന്റെ തുടിപ്പിലേക്ക്,
കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ നന്മയിലേക്കാണീ യാത്ര. കാണാത്ത ഭാവങ്ങൾ തേടിയുള്ള ഈ യാത്രയിൽ എന്നെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കൂട്ടിനുണ്ട്. ഗ്രാമങ്ങളിലെ സൗന്ദര്യവും രുചിയും ജീവിതവും കണ്ടനുഭവിച്ചുള്ള ഒരു പകൽ യാത്ര.
കൊച്ചിയുടെ നഗരതിരക്കിൽ നിന്ന് പൊടുന്നനെയൊരു കൊച്ചു ഗ്രാമത്തിലേക്കെടുത്തെറിയപ്പെട്ടത്പോലെയായി ഞങ്ങൾ കുമ്പളങ്ങിയിലെത്തിയപ്പോൾ. നഗര വഴികളിലൂടെ സഞ്ചരിക്കാത്ത ഒരു ഗ്രാമം. കരിയും പുകയുമൊന്നുമില്ലാത്ത ഈ ഗ്രാമീണ റോഡുകളിലുടെയുള്ള സഞ്ചാരം തീർത്തും വ്യത്യസ്തം തന്നെയാണ്.
പള്ളുരുത്തിയിൽ നിന്ന് നഗരസഭ അതിർത്തി കടന്നാൽ കുമ്പളിങ്ങിയിലേക്ക് ഒരു കൊച്ചു പാലത്തിന്റെ ദൂരം മാത്രമാണുള്ളത്. പാലം കടന്നാൽ ഇന്ത്യയിലെ മാതൃകാ ടൂറിസമായ ഗ്രാമത്തിലെത്തിചേരാം. 16 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള ഈ ഗ്രാമത്തിലേക്ക് എറണാകുളത്ത് നിന്ന് 16 കിലോമീറ്റർ ദൂരമേയുള്ളൂ. ചുറ്റം കായലാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം മീൻപിടുത്തമാണ്. 35000 പേരുള്ള ഈ കൊച്ചുഗ്രാമത്തിൽ മീൻപിടുത്തത്തിനായി നൂറിലേറെ ചീനിവലകൾതന്നെയുണ്ട്. തനതു നാടൻ രുചി കൂട്ടുകളുടെ ഗ്രാമം കൂടിയാണ് കുമ്പളങ്ങി. കുമ്പളങ്ങിയെ ഗ്രാമമെന്ന് വിളിക്കണോ, ദ്വീപെന്ന് വിശേഷിപ്പിക്കണോ എന്നറിയാതെ നിന്ന് പോവും ഇവിടെ എത്തുന്ന നിമിഷം ഏതൊരു സഞ്ചാരിയും.
കുമ്പളങ്ങി അങ്ങാടിയും പിന്നിട്ട് കണ്ടക്കടവ് റോഡിലെത്തുമ്പോൾ സമയം 9 കഴിഞ്ഞിരുന്നു. പ്രഭാതം കഴിഞ്ഞിട്ടും വഴികൾക്കല്ലാം അപ്പോഴും പുലർക്കാല ഭാവം തന്നെയാണ്. ഋതുഭേതം അടയാളപ്പെടുത്താനായി ഹരിത ഭംഗി തുളുമ്പി നിൽക്കുന്ന തെങ്ങോലകൾ, മഞ്ഞിന്റെ നനവിൽ തെളിയുന്ന ഗ്രാമവഴികൾ, അടുത്തടുത്ത് കായലോരത്ത് തിങ്ങി നിൽക്കുന്ന കുഞ്ഞ് വീടുകൾ, സുന്ദരമായി കായലോരത്തിനരികിലൂടെ സൈക്കോളൊടിച്ച് പോകുന്ന സ്കൂൾ കുട്ടികൾ, തിരക്കു പിടിക്കാതെ നടന്നു നീങ്ങുന്ന ഗ്രാമീണർ, കഥകളിൽ മാത്രം കേട്ടിട്ടുള്ള കാഴ്ചകൾ കൺമുന്നിൽ വിസ്മയമായി സെറ്റിട്ടപോലെ ഒരുങ്ങി നിൽക്കുന്നു.
കുമ്പളങ്ങിയേയും ചെല്ലാനം പഞ്ചായത്തിലെ കണ്ടകടവിനേയും ബന്ധിപ്പിക്കുന്ന റോഡിലൂടെ ഞങ്ങൾ മുന്നോട്ട് പോയി. വഴി കുറച്ച് ചെന്നപ്പോൾ ഇരുവശവും കായൽ. കായലിനരികെയല്ലാം ചെമ്മീൻ കെട്ടുകളാണ്. ഇവയാണ് പൊക്കാളി പാടങ്ങൾ എന്നറിയപ്പെടുന്നത്. ആറു മാസം പൊക്കാളി നെൽകൃഷിയും അടുത്ത ആറു മാസം ചെമ്മീൻ കൃഷിയും. തീരപ്രദേശത്തെ ചേറിലാണ് വളമില്ലാതെ പൊക്കാളി നെല്ല് വിളയുക. ദൂരെ കായലങ്ങനെ ഒഴുകി പരക്കുന്നു. ചിലയിടങ്ങളിൽ തുരുത്തുകൾ. പട്ടത്തിൽ നിന്ന് ചരടെന്ന പോലെ ഒരു ചെറിയ നടവരമ്പ് തുരുത്തിനെ കരയിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. സത്യത്തിൽ ഗ്രാമങ്ങളിലൂടെയുള്ള ഈ സഞ്ചാരം പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്കാണ്. ഭൂമിയുടെ കലർപ്പില്ലാത്ത സൗന്ദര്യം തുടി കൊള്ളുന്നത് ശരിക്കും ഇത്തരം ഗ്രാമങ്ങളിലാണ്. പോകുന്ന വഴിയിലല്ലാം കായലിനോട് ഓരം ചേർന്ന് തലയുർത്തി നിൽക്കുന്ന കൈതകൾ കാണാം. പണ്ട് നമ്മുടെ നാട്ടിലെ പറമ്പുകളുടെ അതിർത്തികൾ നിർണ്ണയിച്ചിരുന്ന ഈ കൈതകൾ ഇന്ന് കോൺക്രീറ്റ് മതിലുകൾ വന്നപ്പോൾ തൂത്തെറിയപ്പെട്ടു. എന്നാൽ കൈതപ്പുവിന്റെ സുഗന്ധം മനസ്സിൽ മായാതെ സൂക്ഷിക്കുന്ന ഗ്രാമീണർ ഇവിടം ഇന്നും ഏറെയുണ്ട്.
കുമ്പളങ്ങിയിലെ വിസ്മയ റിസോർട്ട്
കണ്ടക്കടവ് റോഡിൽ അൽപ്പം മുന്നോട്ട് പോയാൽ ഇടത്തേക്കൊരു റോഡും ബോഡും കാണാം. ഗ്രാമത്തിന്റെ നിശബ്ദ സൗന്ദര്യം ആവാഹിച്ച് ഏഷ്യയിലെ ആദ്യത്തെ ഫ്ളോട്ടിങ്ങ് റിസോർട്ടായ അക്വാറ്റിക്ക് ജലത്തിലെഴുതിയ കവിത പോലെ അൽഭുതപ്പെടുത്തി നിൽക്കുന്നു. പൂർണ്ണമായും ഫ്ളോട്ട് ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെ റിസോർട്ടാണ് അക്യാറ്റിക്ക് റിസോർട്ട്. കോൺക്രീറ്റ് ബ്ലോക്കുകളിൽ എയർലോക്ക് ചെയ്യുന്ന ഈ സാങ്കേതിക വിദ്യ ലോകത്തിൽ തന്നെ അപൂർവ്വമാണത്രെ. ജലനിരപ്പ് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ഇത്തരം റിസോർട്ടുകൾ വേണമെങ്കിൽ മറ്റൊരിടത്തേക്ക് ആവശ്യാനുസരണം മാറ്റുകയും ചെയ്യാം. പൊക്കാളി പാടങ്ങൾക്ക് നടുവിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ചുറ്റം ഗ്രാമ കാഴ്ചകൾ. അതിനിടയിലൂടെയുള്ള മെറ്റൽ പാകിയ പാത റിസോർട്ടിന്റെ പൂന്തോട്ടത്തിലെത്തുന്നു. കായലിൽ മുഖം നോക്കി നിൽക്കുന്ന തെങ്ങുകൾക്കിടയിലാണ് പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. അപൂർവ്വയിനം ചെടികൾക്കും പൂക്കൾക്കും അരികിലൂടെ നടപ്പാത അവസാനിക്കുന്നത് ഒരു ചെറിയ പാലത്തിനടുത്താണ്. മരത്തടി പാകിയ പാലം കടന്നു ചെന്നാൽ കായലിനു നടുവിലെ റിസപെഷനിലെത്തി ചേരാം.
വെള്ളത്തിനു നടുവിലാണ് ഞങ്ങൾ നിൽക്കുന്നതെന്ന് ബോധ്യം വരിക പുറം കാഴ്ചകളിലേക്ക് കണ്ണുകളോടിക്കുമ്പോൾ മാത്രമാണ്. ആധുനിക രീതിയിലുള്ള ഇരിപ്പടത്തിലിരുന്ന് ഞങ്ങൾ റിസോർട്ട് സവിശേഷതകൾ തിരക്കി തുടങ്ങി.
മുപ്പത്തിയൊന്ന് ഏക്കറോളം വരുന്ന റിസോർട്ട് ഭൂമിയിൽ പകുതിയിലേറെയും പൊക്കാളിക്കൃഷിക്കും, മത്സ്യ കൃഷിക്കുമായി മാറ്റി വെച്ചിരിക്കുന്നു. ശേഷിക്കുന്നിടത്ത് ആഡംഭരനൗകയെ അനുസ്മരിപ്പിക്കുന്ന മനോഹരമായ വില്ലകൾ പോലെയുള്ള കോട്ടേജുകൾ. റിസപ്ഷന് അടുത്തു നിന്നാരംഭിക്കുന്ന ഫ്ളോട്ടിങ്ങ് ബ്രിഡ്ജാണ് കോട്ടേജുകളിലേക്കുള്ള വഴി. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഈ പാലം നടക്കുമ്പോൾ തൂക്കുപാലങ്ങളെന്ന പോലെ പതിയെ ഇളകിയാടുന്നു. വെളളത്തിനു മുകളിൽ പൊങ്ങി കിടക്കുകയാണെങ്കിലും കെട്ടിടങ്ങളെല്ലാം ഇളകാത്ത രീതിയിലാണുള്ളത്. ആറു ബ്ലോക്കുകളിലായി എയർ കണ്ടീഷൻ ചെയ്ത പന്ത്രണ്ട് കോട്ടേജുകളാണ് അക്വാറ്റിക്കിലുള്ളത്. കോട്ടേജുകളുടെ ഉൾവശം മൂന്നു തട്ടുകളാണ്. വാതിൽ തുറന്ന് ചെല്ലുന്ന സിറ്റിങ്ങ് ഏരിയ, താഴേക്ക് പടിയിറങ്ങി ചെല്ലുന്ന കിടപ്പുമുറി, മുകളിലേക്ക് കയറി ചെല്ലുന്ന ബാൽക്കണി. ഇതിൽ ബെഡ് റൂം ശരിക്കും വെള്ളത്തിനടിയിലാണ്. പുറത്തെ ജലനിരപ്പിനെക്കാൾ എട്ടടിയോളം താഴ്ചയിലാണ് ഓരോ കിടപ്പുമുറിയും. ജനലിലൂടെ നോക്കുമ്പോൾ നമ്മൾ കായലിൽ ഇറങ്ങി നിൽക്കുന്നത് പോലെ തോന്നിപ്പോവുന്ന കാഴ്ചകൾ. പന്ത്രണ്ട് കോട്ടേജിലേയും ബാൽക്കണികൾ പരസ്പരം കാണാവുന്നതും കായൽക്കാഴ്ചകൾ ആസ്വദിച്ച് കാറ്റു കൊണ്ടിരിക്കാനുള്ള സൗകര്യവും കോട്ടേജുകളുടെ സവിശേഷതയാണ്. അക്വാറ്റിക്ക് റിസോർട്ടിലെ രണ്ടു നിലകളിലുള്ള ഫ്ളോട്ടിങ്ങ് റസ്റ്റാറന്റിലെ തനത് രുചികൾ, റിസോർട്ടിലെ തെങ്ങുകളിൽ നിന്നും ചെത്തിയെടുക്കുന്ന കലർപ്പില്ലാത്ത ഇളനീർ കള്ള്, ഫ്ളോട്ടിങ്ങ് സ്വിമ്മിങ്ങ് പൂൾ, പെഡലിങ്ങ് ബോട്ടുകൾ, മോട്ടോർ ബോട്ട്, കൊച്ചിയുടെ സ്വന്തം ചീനിവല ഉപയോഗിച്ച് മീൻ പിടിക്കുന്ന രീതി, നൂറിലേറെ പേർക്ക് ഇരിക്കാവുന്ന ഫ്ളോട്ടിങ്ങ് കോൺഫറൻസ് ഹാൾ, ഫ്ളോട്ടിങ്ങ് സ്പാ പ്ലേ ഗ്രൗണ്ട് തുടങ്ങി കായൽപ്പരിപ്പിന് നടുവിൽ ഒരു സ്വപ്നമാളിക പോലെ അതിഥികളെ കാത്തിരിക്കുന്ന അക്വാറ്റിക്ക് റിസോർട്ടിലെ സവിശേഷ അനുഭവങ്ങൾ പകരം വെയ്ക്കാനാവാത്ത വിധം അൽഭുതപ്പെടുത്തുന്നത് തന്നെയാനണ്. ജീവിതത്തിൽ ഒരിക്കൽ പ്രിയപ്പെട്ടവരോടൊപ്പം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെലവിടണമെന്ന മോഹവുമായി അക്വാറ്റിങ്ങ് റിസോർട്ടിൽ നിന്ന് കുമ്പളങ്ങിയുടെ ഹൃദയഭാഗമായ കല്ലഞ്ചേരിയിലേക്ക് വെച്ച് പിടിച്ചു.
കുമ്പളങ്ങി രുചിപെരുമയിലേക്ക്
കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിനടുത്ത് നിന്ന് വലത്തേക്ക് തിരിഞ്ഞാൽ കുമ്പളങ്ങിയുടെ ഹൃദയമെന്നറിയപ്പെടുന്ന കല്ലഞ്ചേരിയിലേക്കുള്ള വഴിയാണ്. ചെമ്മീൻ കെട്ടുകളും, കമ്പവലകളും, തെങ്ങിൻ തോപ്പുകളും, അതിരിടുന്ന വഴി. ഇവിടെയാണ് ഞണ്ട് വളർത്തൽ കേന്ദ്രങ്ങളുള്ളത്. കുമ്പളങ്ങി സ്റ്റൈൽ രുചിയിൽ ഭക്ഷണം കഴിക്കണമെങ്കിൽ കല്ലഞ്ചേരിയിൽ തന്നെ വരണം.
കുമ്പളങ്ങി രുചിയുടെ കല്ലഞ്ചേരി പെരുമയായിരുന്നു ലോറൻസ് ചേട്ടൻ. പത്തു വർഷത്തിലേറെയായി കുമ്പളങ്ങിയുടെ തനതു രുചി ഇവിടെ വരുന്ന അതിഥികൾക്കായി ഒരുക്കിയിരുന്നത് ലോറൻസ് ചേട്ടനും ഭാര്യ ലില്ലിക്കുട്ടിയുമായിരുന്നു. എനിയങ്ങോട്ട് ഈ ചുമതല മുഴുവൻ ലില്ലിക്കുട്ടിയെ ഏൽപ്പിച്ച് കഴിഞ്ഞയാഴ്ച ലോറൻസ് ചേട്ടൻ അന്ത്യവിശ്രമത്തിന് പോയെന്ന വാർത്ത വളരെ ദുഃഖകരമായ ഒന്നായി തീർന്നു കല്ലഞ്ചേരിയിലെത്തിയ ഞങ്ങൾക്ക്. പാലമിറങ്ങി കുമ്പളങ്ങിയിലെത്തി കല്ലഞ്ചേരിക്കാരുടെ വീട് ചോദിച്ചാൽ കുട്ടികൾ പോലും വഴി കാണിച്ചു തരുന്ന രീതിയിൽ പ്രസിദ്ധരായ ഇവരുടെ വീട്ടിലേക്ക് എന്തോ കുമ്പളങ്ങി രുചിയറിയാൻ പോവാൻ എന്തോ മനസ്സ് വന്നില്ല.
നാലുവശവും കായലാൽ ചുറ്റപ്പെട്ട ഇവിടം നിരവധി ഹോം സ്റ്റേകൾ സഞ്ചാരികളെ കാത്ത് കിടപ്പുണ്ട്. ഈ ഹോംസ്റ്റേകൾ തന്നെയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകതയും. നൂറോളം വർഷം പഴക്കമുള്ള വീടുകൾ ഹോംസ്റ്റേകളായി ഉപയോഗിച്ച് വരുന്നു.
രുചിയുടെ പേരിലും വളരെ പ്രശസ്തമാണ് കുമ്പളങ്ങി. തനത് നാടൻ രുചിക്കൂട്ടുകളുടെ ഗ്രാമം കൂടിയാണ് കുമ്പളങ്ങി. ചെമ്മീനും, കരിമീനും, കക്കയും, ഞണ്ടുമാണ് കുമ്പളങ്ങി സ്പെഷ്യൽ. കുമ്പളങ്ങിയിലെ ഈ മീൻകറികളും സദ്യയും രുചിച്ച് നോക്കിയവർക്കറിയാം കുമ്പളങ്ങിയുടെ ഭക്ഷണ രുചി പെരുമ. കുമ്പളങ്ങിയുടെ തനത് രുചിയും രുചിച്ച്, കായലിലൊരു കറക്കവും നടത്തി ഗ്രാമങ്ങളിലെ പുലർക്കാല സവാരിയും ഒപ്പിച്ച് മനസ്സുനിറച്ചു തിരിച്ചു പോരാം ഏതൊരു യാത്രികനും രണ്ടു ദിവസത്തെ കുമ്പളങ്ങി യാത്രയിൽ. കൊച്ചി പോലെയല്ല കുമ്പളങ്ങി. ഇവിടെ സുന്ദരമായ ഒരു പിടി നല്ല കാഴ്ചകളുണ്ട്. പ്രകൃതിയോട് ചേർന്നുള്ള ജീവിത ചര്യകളുണ്ട്. നല്ല മനുഷ്യരുണ്ട്. ജിവിക്കാനാവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ ലഭ്യമാണ്.
കേര നിരകളാടൊന്നൊരു ഹരിത ചാരു തീരങ്ങൾ.
കണ്ണെത്താത്ത ദൂരം വിശാലമായ കായൽ. കായലിന്റെ തുരത്തുകളിലെ ഇലകൾക്കിടയിലൂടെ വീഴുന്ന അസ്തമയ സൂര്യന്റെ കിരണങ്ങൾ വെള്ളത്തിൽ തട്ടി കളിച്ച് സ്വർണ്ണം പോലെ തിളങ്ങുന്ന കാഴ്ച നഷ്ടകാലത്തിന്റെ തീവ്രമായ ഓർമ്മകളിലേക്കൊരു തിരിച്ചു നടത്തം തന്നെയായിരുന്നു എനിക്കീ യാത്ര ഇന്നലെകളിലെ ഏതൊക്കെ മുഖങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇന്നിന്റെ കണ്ണാടിയിൽ പതിഞ്ഞ് നിൽക്കുന്നുണ്ട്.
സ്വയം അറിയാനും, തിരുത്താനും, വളരാനുമുള്ള അവസരമാണ് യാത്രാ വഴികൾ നമുക്ക് നൽകുന്നത്. ഗ്രാമ കാഴ്ചകൾ പകർത്തി നടക്കുന്നതിനിടയിൽ നേരം പോയതറിഞ്ഞില്ല..
വെറുതെ ഒരു യാത്ര,
കുമ്പളങ്ങിയിലേക്ക് ഡ്രൈവ് ചെയ്ത് നീങ്ങുവോൾ അത്രയേ തോന്നിയിരുന്നുള്ളൂ. എന്നാൽ യാത്ര പൂർത്തിയാവുമ്പോൾ ഒരു യാത്രയും വെറുതെയല്ലന്ന് ബോധ്യമാവുന്നതായിരുന്നു ഓരോ കാഴ്ചകളും.
ശിഹാബ് പെരുവള്ളൂർ
Kondotty, India