ഖത്തർ ലോകകപ്പിൽ സുരക്ഷ ഒരുക്കാൻ തുർക്കി സൈന്യം ദോഹയിലെത്തി. ടൂർണമെന്റിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഓപ്പറേഷൻ ലോകകപ്പ് ഷീൽഡിൽ പങ്കെടുക്കാനാണ് തുർക്കി ആംഡ് ഫോഴ്‌സ് ദോഹയിൽ എത്തിയതെന്ന് ഖത്തറിലെ തുർക്കിഷ് എംബസി ട്വിറ്റ് ചെയ്തു. ദോഹയിലെ തുർക്കിഷ് സ്ഥാനപതി മുസ്തഫ ഗോക്‌സുവാണ് സൈനികരെ സ്വീകരിക്കാൻ എത്തിയത്. ഖത്തറും അങ്കാറയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് സൈനികരെത്തിയത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങളിലായി 3,250 സുരക്ഷാ ഓഫിസർമാരെയാണ് തുർക്കി ഖത്തറിലേക്ക് അയയ്ക്കുന്നത്. ഇവരിൽ 3,000 പൊലീസ് ഓഫിസർമാർ, 100 തുർക്കി സ്‌പെഷൽ സേനാ ഓഫിസർമാർ, ബോംബ് കണ്ടെത്തുന്നതിന് 50 വിദഗ്ധർ അവരുടെ ജീവനക്കാർ, 50 ബോംബ് സ്‌ക്വാഡ് ഡോഗുകൾ എന്നീ സംഘത്തെയാണ് 45 ദിന ഡ്യൂട്ടിക്കായി ദോഹയിലെത്തിച്ചത്. നേരത്ത ലോകകപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് 677 ഖത്തരി ഉദ്യോഗസ്ഥർക്ക് അങ്കാറയിൽ പരിശീലനം നൽകിയിട്ടുണ്ട്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനാണ് വിവിധ ലോക രാജ്യങ്ങൾ സുരക്ഷ ഒരുക്കുന്നത്