നിശാശലഭം- കവിത

നിശാശലഭം- കവിത

Nishasalabham poems of sandhya thomas poems about revolution poem related to nishashalabham dalitism malayalam poem

നിശാശലഭം

മഴവില്ലുടലാര്‍ന്നപോലെ  വിരാജിക്കും

ചിത്രശലഭങ്ങളോടല്ലോ  ഏവര്‍ക്കും പ്രിയം

നിറംകെട്ടുമങ്ങിയ ചിറകുമായിരുളിന്‍റെ

കൈപിടിച്ചെത്തും നിശാശലഭങ്ങള്‍ ഞങ്ങള്‍

വെളിച്ചത്തില്‍ വീണു ചാവുവാന്‍ പിറന്നവര്‍.

കണ്ടതില്ലൊരു കണ്‍കളും ഞങ്ങളെ

കണ്ണാലുഴിയുന്നതിന്നേവരെ

ഈയ്യാംപാറ്റകളപശകുനങ്ങള്‍ക്കു  മുന്നില്‍

പൂട്ടുവീഴാത്ത താഴുകളേത്

കൊട്ടിയടച്ച വാതിലുകള്‍ക്കരികില്‍

നാവുനീട്ടുന്ന പല്ലികള്‍ക്കു നടുവില്‍

പെയ്തൊഴിയുവാന്‍ വെമ്പുന്ന മേഘങ്ങള്‍ തന്‍

കണ്ണീരൊപ്പുവാന്‍ കാത്തുപറക്കുന്നവര്‍.

ചിറകറ്റു നിലംപറ്റുന്ന നേരത്തു

തവളകള്‍ വാപിളര്‍ത്തി വിഴുങ്ങുവാനെത്തുന്നു.

രാത്രിമുല്ലകള്‍ പൂക്കുന്ന സൗരഭം

ഞങ്ങള്‍തന്‍ കൊഴിഞ്ഞ സ്വപ്നങ്ങള്‍ തന്‍

ദുര്‍ഗന്ധത്തിലമരുമ്പോള്‍

ചിറകറ്റുവീഴും പുഴുക്കളായ് മണ്ണിലിഴയുന്നു

കനിവിന്‍ വിളക്കുതേടി .

കാലമേറെ മണ്‍കൂനയില്‍ തപം ചെയ്തു

ഞങ്ങള്‍ നേടിയ ചിറകുകള്‍

നക്കി രുചിക്കുന്ന നാവുകള്‍

തൊണ്ടവരണ്ടു ചാവുകാക്കുന്ന മണ്ണിന്‍റെ

ദാഹമോഹങ്ങള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍

മോഹമറ്റവര്‍ ഞങ്ങളോ തേടുന്നു

വെന്തുചാവാനൊരു വിളക്ക്...

മുങ്ങിച്ചാകുവാന്‍ വെള്ളം വരും മുന്‍പ്

വെന്തുചാകുവാനൊരു വിളക്ക്...

കരിഞ്ഞടരുവാനെങ്കിലും;

തീവെളിച്ചമാണെങ്കള്‍ തന്‍ സ്വപ്നം...

 

Leave a Reply