'തല' സ്ഥാനത്തും തെരുവുനായ ശല്യം രൂക്ഷം

'തല' സ്ഥാനത്തും തെരുവുനായ ശല്യം രൂക്ഷം

thiruvananthapuram city stray dogs

തല ' സ്ഥാനത്തും തെരുവുനായ ശല്യം രൂക്ഷം 

തിരുവനന്തപുരം : തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമായി. മന്ത്രിമാരുടെ വസതികൾ സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് - ക്ലിഫ് ഹൗസ് - വൈ എം ആർ റോഡുകളിലെ ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയമാണ്. ദിവസവും ഇവിടെ പല സ്ഥലത്ത് നിന്ന് അനേകം തെരുവുനായ്കളാണ് അപകടം വിതക്കുന്നത്. ഇതിനോടകം തന്നെ നാട്ടുകാരെ പലരെയും ആക്രമിക്കാൻ അവ ശ്രമിച്ചിട്ടുണ്ട്. വാഹനങ്ങളിൽ പോകുന്നവരിലേക്ക്‌ വേഗത്തിൽ പാഞ്ഞു കയറിയും വാഹനങ്ങളെ അതിവേഗത്തിൽ പിന്തുടരുകയും ചെയ്യുന്നത് ഇപ്പൊൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനോടകം തന്നെ പല അപകടങ്ങളും ഇത് മൂലം നടന്നിട്ടുണ്ട്. വിഷയം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു വിധ നടപടികളും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഇത് വഴിയുള്ള ഇപ്പോഴത്തെ യാത്രകൾ.  മന്ത്രി വസതികളുടെ പരിസരത്താണ് ഈ പ്രശ്നം നടക്കുന്നത് എന്നത് തികച്ചും വിരോധാഭാസമാണ്. ക്ലിഫ് ഹൗസ്, വൈ എം ആർ റോഡുകൾ  എപ്പോഴും പോലീസ് സുരക്ഷയിലാണ്. സദാ സമയവും പോലീസ് പെട്രോളിങ് നടത്തുന്ന ഈ വഴിയിൽ ധാരാളം വാഹനങ്ങളും നാട്ടുകാരും സഞ്ചരിക്കാറുള്ളതാണ്. തെരുവുനായ്ക്കളെ  ഭയന്നാണ് ഇപ്പോൾ ഇതുവഴിയുള്ള യാത്രകൾ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് തെരുവ് നായ്ക്കളുടെ വിഹാരം. എത്രയും പെട്ടെന്ന് തന്നെ അധികൃതർ തെരുവുനായ്ക്കളെ പിടിച്ചുകൊണ്ട് പോകാനുള്ള നടപടി സ്വീകരിക്കും എന്നാണ് ഇവിടത്തെ നാട്ടുകാരുടെ ഏകപ്രതീക്ഷ. 
       
            ഇത്രയും  സുരക്ഷ നിറഞ്ഞ റോഡാണെങ്കിൽ പോലും ഈ ഭയാനകമായ അവസ്ഥയാണെങ്കിൽ,  മറ്റ് സ്ഥലങ്ങളിലെ സാഹചര്യം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഇപ്പോൾ കുറച്ച് നാളായി തെരുവുനായ്ക്കളുടെ ശല്യം കൂടി വരുകയാണ്. നഗരത്തിന്റെ പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം കൂടുകയും പലരെയും അവ ആക്രമിച്ചു വളരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഇനി എന്നാണ് ഒരു അവസാനം എന്നും ഇനി എന്ന് ഇവറ്റകളെ ഭയക്കാതെ റോഡുകളിൽ സ്വതന്ത്രമായി നടക്കാൻ സാധിക്കും എന്ന് നാട്ടുകാർ നിരന്തരമായി ചോദിക്കുന്നു. നഗരമധ്യത്തിൽ ഉള്ള ഭരണസിരാ കേന്ദ്ര പരിസരത്തും തദ്ദേശ സ്വയംഭരണ സ്ഥാപന പരിസരത്ത് പോലും തെരുവുനായ്ക്കളുടെ ശല്യം കൂടി വരുന്നുണ്ട്. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ നായ്കൾ റോഡിന്റെ മധ്യത്തിലും നടപാതകളിലും  സ്ഥാനം പിടിച്ചിരിക്കുകയാണ്. വളരെയധികം ബുദ്ധിമുട്ടിയാണ് ഇത് വഴി ജനങ്ങൾ യാത്രചെയ്യുന്നത്. ഈ ദുരിതത്തിന് എന്ന് അറുതി വരുത്തും എന്ന നിരന്തര ചോദ്യവുമായിട്ടാണ് നഗരവാസികൾ തങ്ങളുടെ ജീവിതം തുടരുന്നത്.

Leave a Reply