പുസ്തകം- ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ
ഇനം-നോവൽ
നോവലിസ്റ്റ്-പ്രവീൺ പി ഗോപിനാഥ്
പ്രസാധകർ-നോർത്ത് കാർട്ടർ പബ്ലിഷിംഗ് ഹൗസ്
വില-120
പേജ്- 84
അസുരരാജാവായ, ലങ്കേശനായ, സീതാദേവിയെ അപഹരിച്ച ക്രൂരനായ രാക്ഷസരാജാവായ രാവണനെയാണ് കഥകളിലൂടെയും പുരാണങ്ങളിലൂടെയും നമുക്കൊക്കെ അറിയിവുന്നത്. ചരിത്രത്തിൽനിന്നും വ്യത്യസ്തമായി ഭൂമീദേവിയെ പ്രണയിച്ച, തൻറെ പ്രണയിനിക്കുവേണ്ടി ഒരു മഹാസാമ്രാജ്യംതന്ന പടുത്തുയർത്തിയ രാവണന്റെ കഥയാണ് 'ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ'.
ദേവനല്ലാത്ത ആ മഹാവീരനെ മകളുടെ ഭർത്താവാക്കില്ലെന്ന ഭൂമീദേവിയുടെ പിതാവിന്റെ ശാഠ്യത്തിൽ , തന്റെ യോഗ്യത തെളിയിക്കാൻ പ്രണയിനിക്കുവേണ്ടി രാജ്യങ്ങൾ പിടിച്ചടക്കി ചക്രവർത്തിയായി, പരമശിവനെ തപസ്സു ചെയ്തു ചന്ദ്രഹാസം എന്ന ഖഡ്ഗം നേടി, ലങ്കാധിപനായി, ദേവിയുടെ മുമ്പിലെത്തുമ്പോൾ, മാതാപിതാക്കളോടുള്ള കടമയുടെ മുന്നിൽ, രാവണനെ സ്വീകരിക്കാൻ കഴിയാതെ, തന്റെ പ്രണയത്തെ ത്യജിക്കേണ്ടി വരുന്ന ദേവിയോടു രാവണൻ പറയുന്നു
"എന്റെ ജീവിതത്തിലേക്കുള്ള പ്രൗഢഗംഭീരമായ പ്രവേശനത്തിന് നന്ദി.
അതിലും മികച്ച യാത്രാമൊഴിയ്കും നന്ദി"
ഈ വരികൾ വീണ്ടും ആവർത്തിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിൽ ദേവിയും രാവണനും ഇതേ വരികൾ പറയുന്നുണ്ട്.
ക്ലൈമാക്സിൽ നിന്നും തുടങ്ങുന്ന നോവൽ, സന്ദർഭങ്ങൾ വിശദീകരിച്ചു കൊണ്ട് രാവണന്റെ വ്യത്യസ്ത ജീവിതസന്ദർഭങ്ങൾ മനോഹരമായി എഴുതിയിരിക്കുന്ന നോവലാണ് ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ. ഭൂമിദേവിയോട് രാവണനുളള പ്രണയം, അവരുടെ പ്രണയത്തിൽ ജനിച്ച സീതാദേവി,ഒരിക്കലും ഒരുമിക്കാതെ ഭൂമിദേവിയും രാവണനും അകലുന്നതും അവരുടെ മനോഹരമായ സംസാരങ്ങളുമെല്ലാം
അത്രയും ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.
ഭൂമീദേവിയെ പ്രണയിച്ച രാവണന്റെ കഥ പറയുമ്പോൾ കഥാകൃത്ത് സ്വയം രാവണനായി മാറുകയാണ്. തന്റെ പ്രണയിനിയോടുള്ള സ്നേഹത്തിന്റെ തീവ്രത, അവിടെ വരുന്ന ന്യയാന്യായങ്ങളുടെ വാദങ്ങൾ, ഒരു സാധാരണ സ്ത്രീ അല്ലേൽ പ്രണയിനി ബന്ധങ്ങളുടെ പിടിയിൽ തന്റെ പ്രണയത്തെ ത്യജിക്കേണ്ടി വരുന്ന അവസ്ഥ, എല്ലാം വരികളിലൂടെ വരച്ചു കാട്ടുന്നു നോവലിസ്റ്റ്.
നോവലിലെ ഒരോ വരികളും രാവണൻ എന്ന രാക്ഷസ രാജാവിൻറെയല്ല, ഏതൊരു കാര്യത്തിലും ഉയർന്ന തലത്തിൽ ചിന്തിച്ചു പ്രവൃത്തിക്കുന്ന അറിവുകൾകൊണ്ട് സമ്പന്നനായ ഒരു ജ്ഞാനിയെയാണ് വായനക്കാർക്കു കാണാൻ കഴിയുക.
ദേഷ്യത്തെക്കുറിച്ച് പറയുന്നതു നോക്കൂ..
"വിഷമം മനസ്സിൽ കിടന്നു വിഷമായി മാറാവുന്ന സന്ദർഭങ്ങളുണ്ടാവുമ്പോൾ ആ സമ്മർദ്ദം വെളിവാകലിനുള്ള മാർഗം ആണ് കോപം.നിയന്ത്രിക്കാൻ അറിയാമെങ്കിൽ കോപം മനുഷ്യൻറെ ഒരു അനിവാര്യ ഘടകമാണ്"
എത്ര സത്യമാണ്! വിഷമത്തിന്റെ മൂർദ്ധന്യത്തിൽ കോപരൂപേണ നാം പൊട്ടിത്തറിക്കുമ്പോൾ , കണ്ണുകളിൽ അനിയന്ത്രിതമായി ഒഴുകുന്ന കണ്ണുനീർ ആ വിഷമത്തെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഇങ്ങനെയുള്ള തത്വചിന്തയുടെ മനോഹരമായ ഒട്ടേറെ സന്ദർഭങ്ങൾ നിറഞ്ഞ മനോഹരമായ രചനാണ് ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ.
ഓരോ സന്ദർഭങ്ങളും സാഹചര്യങ്ങളും വിവരിച്ചാണ് കഥാകൃത്ത് പല ഖണ്ഡങ്ങളായ് ഈ കഥ വിവരിക്കുന്നത്. മനുഷ്യരിലുള്ള 10 ഗുണങ്ങളെയും അതിന്റെ ആവശ്യകതയേയും രാവണനിലൂടെ കഥാകൃത്ത് പറയുമ്പോൾ, അതിലെ ഉയർന്ന ചിന്താഗതിയെ അദ്ഭുതത്തോടെയും അതിലേറെ ജിജ്ഞാസയോടെയുമേ വായനക്കാർ അതിനെ സമീപിക്കൂ.
ഓരോ വരികൾ വായിക്കുമ്പോഴും അടുത്ത വരി എന്ത് എന്ന ജിജ്ഞാസ വായനക്കാരന്റെ ഉള്ളിൽ ഉണ്ടാക്കുന്ന, കൊതിപ്പിക്കുന്ന എഴുത്താണ് നോവലിസ്റ്റിൻറേത്. വായനക്കാരനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ഈ നോവലിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.