ദുരന്താനന്തര പുനർനിർമ്മാണം: വയനാടിന്റെ പുനരുജ്ജീവനം

ദുരന്താനന്തര പുനർനിർമ്മാണം: വയനാടിന്റെ പുനരുജ്ജീവനം

wayanad landslide chooralmala mundakai rehabilitation CMDRF pinarayi vijayan

വയനാട്: കേരളം കണ്ട സമാനതകൾ ഇല്ലാത്ത ദുരന്തമായിരുന്നു 2024-ലെ വയനാട് ഉരുൾപൊട്ടൽ. നൂറുകണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വേദനയിൽ എങ്ങും നിലവിളികൾ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി. ഈ ഹൃദയഭേദകമായ കാഴ്ച്ചയിൽ നിന്ന് വയനാട് പതുക്കെ സർക്കാരിന്റേയും മറ്റു സുമനസ്സുകളുടെയും കൈത്താങ്ങിൽ തിരികെ ജീവിതത്തിലേക്ക് കരകയറുകയാണ്.
      ദുരന്തത്തിൽ വീടുകളും ജീവിതോപാധികളും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം സുനിശ്ചിതമാക്കാൻ സർക്കാർ വ്യാപകമായ നടപടികളാണ് കൈകൊള്ളുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് താത്കാലിക അഭയം നൽകുന്നതിനു പുറമെ, സ്ഥിരതാമസത്തിനായുള്ള വീടുകളുടെ നിർമാണവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 6000 രൂപ വാടക ഇനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വകയിരുത്തി ദുരിതബാധിതർക്ക് വാടക വീടുകൾ ലഭ്യമാക്കി.ഭൂമി നഷ്ടപ്പെട്ടവർക്ക് പുതിയ ഭൂമി അനുവദിച്ച് വീടുകൾ നിർമിക്കാൻ ധനസഹായം നൽകുന്നു.
           മേപ്പാടി കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കല്പറ്റ വില്ലേജിലെ എൽസ്‌റ്റോൺ എസ്റ്റേറ്റിലുമായി രണ്ടു ടൗൺഷിപ്പുകൾ നിർമിക്കാനാണ് പദ്ധതി. ഓരോ ടൗൺഷിപ്പിലും 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകളും, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നീ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. കൂടാതെ, അർഹമായ കുടുംബങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു.
          വിവിധ സന്നദ്ധ സംഘടനകളും ദുരിതബാധിതർക്കായി സജീവമായി നിലക്കൊള്ളുന്നു. അവശ്യ സാധനങ്ങൾ, വൈദ്യസഹായം, മാനസികാരോഗ്യ സംരക്ഷണം എന്നിവയുടെ ശൃംഖലകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം നൽകുന്ന പദ്ധതികൾ നടപ്പാക്കുകയാണ്.
      പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും ചില പ്രദേശങ്ങളിൽ താമസമാക്കാനുള്ള സൗകര്യങ്ങൾ വൈകുന്നതിന്റെ ആശങ്ക ഉണ്ട്. വീടുകളുടെ നിർമാണത്തിനുള്ള അനുമതികൾ, ഭൂമിയുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
        അതേസമയം, ദുരന്തബാധിതർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സർക്കാർ പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തുന്നു. പുനരധിവാസം ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുകയും വയനാട് വീണ്ടും സുരക്ഷിതമായ ഒരു സമൂഹമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സമഗ്ര പുനരധിവാസ പദ്ധതിയുടെ രൂപരേഖയിലൂടെ സർക്കാർ നമുക്ക് തരുന്ന പുതുവർഷ പ്രതീക്ഷ.
PARVATHY K NAIR

pc: india.mongabay.com

 

 

Leave a Reply