പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

stroke disease treatment in Kerala Veena George Minister of Health Woman and Child Development of Government of Kerala

തിരുവനന്തപുരം: ഒക്ടോബർ  29 ലോക പക്ഷാഘാത ദിനം  പ്രമാണിച്ചു സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്‌ട്രോക്ക് യൂണിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്നു. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജുകള്‍ കൂടാതെ സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്.

സ്‌ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജന്‍ ആക്റ്റിവേറ്റര്‍( TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്‌സിഎല്‍ വഴി സംഭരിച്ച് വിതരണം ചെയ്ത് വരുന്നു. സ്‌ട്രോക്ക് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്റ്റ്ഫ് നേഴ്‌സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി സ്‌ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കിയിട്ടുണ്ട്.

ഒക്‌ടോബര്‍ 29-ാം തീയതിലാണ് അന്താരാഷ്ട്ര സ്‌ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. 'നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം.

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

 

Leave a Reply